വയനാട് ജില്ലയിൽ മീനങ്ങാടിക്കടുത്തുളള ചെമ്മണം കുഴിയിലാണ് തെനവരമ്പത്ത് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഒരു കുന്നിൽ മുകളിൽ സ്വയംഭൂവായ ശിവനും ശ്രീരാമനും,ഗണപതിയും,അയ്യപ്പനും, നന്ദിയും. തൊട്ടടുത്ത് മുന്നൂറ് മീറ്റർ മാറി മറ്റൊരു കുന്നിൽ ശ്രീ സ്വയംവര പാർവതിയും ഭദ്രകാളിയും വനദുർഗ്ഗയും സ്ഥിതി ചെയ്യുന്നു. അതും ഒറ്റ ശ്രീകോവിലിലായി.അതിന് പുറമെ ആദിവാസികൾ ആരാധിക്കുന്ന ഗുളികൻ ചാമുണ്ഠിയും ഇവിടെയുണ്ട്.അതി പുരാതനമാണ് ഇൗ ക്ഷേത്രം.മനു മഹർഷിയുമായി ബന്ധപ്പെട്ടാണ് ഇൗ ക്ഷേത്രത്തിന്റെ ഐതീഹ്യം.ദേശാടന വേളയിൽ മനു മഹർഷി ഇവിടെ വന്നപ്പോൾ ഒരു കുന്നിൽ കണ്ടത് സ്വയംഭൂവായ ശിവനെയാണ്. മറുകുന്നിൽ ഭദ്രകാളിയും, വനദുർഗ്ഗയും.പാർവതി ദേവിയുടെ സാന്നിദ്ധ്യം ഇവിടെ ഉണ്ടെന്ന് മനസിലാക്കി.ഇതേ തുടർന്നാണ് പാർവതി ദേവിയുടെ പ്രതിഷ്ഠ ഇവിടെ ഉണ്ടായതെന്നാണ് ഹൈന്ദവ വിശ്വാസം.വടക്കോട്ട് മുഖമായുളളതാണ് ഇൗ ക്ഷേത്രം.പൗരാണികതയുടെ അവശിഷ്ടങ്ങൾ ഇവിടെ ഇപ്പോഴും കാണാം.ഇവിടെ വന്ന് തൊഴുതാൽ ഏത് ആഗ്രഹവും കൈവരിക്കാം എന്നൊരു വിശ്വാസവുമുണ്ട്.ഭഗവതി ക്ഷേത്രത്തിൽ നിവേദ്യം പാകം ചെയ്ത് കിഴക്ക് ദർശനമായുളള കാളകണ്ഠ സ്വയം ഭൂശിവന് നിവേദിച്ചതിന് ശേഷം മാത്രമെ പാർവതി ദേവിക്കും മറ്റ് ദേവതകൾക്കും നിവേദ്യം അർപ്പിക്കാറുളളു.ഇവിടെ പൂജാകാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ജലത്തിനും ഉണ്ട് പ്രത്യേകത. തെനഗംഗ എന്നറിയപ്പെടുന്ന തീർത്ഥ ജലമാണ് പൂജകൾക്ക് ഉപയോഗിക്കുന്നത്.വയലിൽ ഒരു കുളമുണ്ട്. അതിനോട് ചേർന്ന് ഒരു മീറ്റർ ചതുരത്തിൽ കൽപ്പാളികൾ കാെണ്ട് തീർത്ത കുഴിയിൽ നിന്നാണ് തെനഗംഗ തീർത്ഥ ജലം എടുക്കുന്നത്.കുളത്തിൽ ചെളിവെളളമാണെങ്കിലും കുഴയിലെ തീർത്ഥം തെളിനീരാണ്. അത്ഭുതമാണിത്.കുളക്കരയിൽ ഒരു ആൽമരമുണ്ട്. അതിന് ചുവട്ടിലെ നാഗപ്രതിഷ്ഠ ശ്രീരാമൻ പ്രതിഷ്ഠിച്ചതാണെന്നാണ് വിശ്വാസം.തെനകതിർ ഇവിടെ ധാരാളമായി വിളഞ്ഞിരുന്നു.അത് കൊണ്ടാണ് തെനവരമ്പത്ത് എന്ന പേര് ഉണ്ടായതെന്നാണ് വിശ്വാസം.ഇവിടെ നിത്യപൂജയുണ്ട്.പുഷ്പാഞ്ചലി, പായസനിവേദ്യം, നാഗത്തിന് പാലും പഴവും, ഗുളികൻ ചാമുണ്ഡിക്ക് തേങ്ങയും പഴവും എന്നിവയാണ് പ്രധാന വഴിപാടുകൾ.ഒരു കാലത്ത് ഇവിടെ കുളിച്ച് തൊഴൽ പ്രധാന വഴിപാടായിരുന്നു.
വിശേഷ ദിവസങ്ങൾ
ശിവക്ഷേത്രത്തിൽ ധനുമാസത്തിൽ തിരുവാതിര , ശിവരാത്രി
മിഥുന മാസത്തിൽ ചോതി നക്ഷത്രത്തിൽ പ്രതിഷ്ഠാദിനം
ഒാണം,വിഷു, തുലാം പത്ത്
ഭഗവതി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിൽ രണ്ടാം തീയതിയും ധനുമാസത്തിൽ 11ാം തീയതിയും ചുറ്റ് വിളക്കും തൃകാല പൂജയും